June 24, 2016

Friday, June 24, 2016 - 1 comment

എ ലൈഫ് ടൈം എഗോ

സമർപ്പണം:
ഒന്നും പറയാതെ തിരശീല കടന്നു പോയവന്, എൻറെ കൂട്ടുകാരന്‍ - മിഥുൻ മേരി റാഫിക്ക്.
പിന്നെ, ഒരിക്കലും തിരികെ വരാത്തയെന്‍റെ പ്രണയത്തിനും.
(പടം ഗൂഗിളിനോട് ചോദിച്ചു തന്നു- നന്ദി... ;) )

ഒരേ ഉറക്കത്തിലേക്കു ഒരാൾക്കും രണ്ടു തവണ പോകാനാവില്ലല്ലോ.
അതുകൊണ്ടു തന്നെ ഡിസംബറിലെ ആ തണുത്ത പ്രഭാതം എങ്ങനെയൊക്കെ ആകാമായിരുന്നെന്നു ഞാനീ ചിന്തിച്ചു കൂട്ടിയതൊക്കെ വെറുതെയാണെന്നെനിക്കറിയാം. ഈ കൊഴിഞ്ഞുപോയ വർഷങ്ങളിലെല്ലാം, തൻറെ കാവൽ മാലാഖയെ അറിയാത്ത അനാഥയെപ്പോലെ ഞാൻ ജീവിച്ചു. പെട്ടെന്നൊരു നാൾ സ്വന്തം ആത്മാവ് കൈയ്യൊഴിഞ്ഞിട്ടു എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷ്യയായ ഒരു കുട്ടിയെപ്പോലെ, എവിടേക്ക് പോയെന്നാർക്കുമറിയാത്തവൾ.

നമ്മളൊരിക്കലും, നീയാഗ്രഹിച്ചിരുന്നതു പോലെ മേഘമലയുടെ മുകളിൽ ട്രെക്കിങ്ങിനു പോയിട്ടില്ല, കടലുകൾ താണ്ടിയിട്ടില്ല, പരസ്പ്പരം പൂരിപ്പിക്കപ്പെട്ടിട്ടില്ല. അതിനു കാലം സമ്മതിച്ചില്ല. പക്ഷെ നീ ബാക്കിവെച്ചു പോയ കുത്തിക്കുറിക്കലുകൾ - നിന്‍റെ ഭാഷയിൽ ഉച്ചക്കിറുക്കുകൾ - രഹസ്യങ്ങളുടെയും ഓർമ്മകളുടെയും ചുടുകാടാണ്, ഇപ്പോളുമെന്‍റെ യൗവ്വനം അവിടെ തന്നെ കിടന്നു കറങ്ങുന്നുണ്ട്, എന്നെ അവിടെനിന്നു തിരികെ വിളിക്കാൻ ഞാൻ ശ്രമിച്ചിട്ടുമില്ല.

ആ എന്നെ എനിക്ക് മിസ്സ്‌ ചെയ്യാറുണ്ട്, അപ്പോഴൊക്കെ ഞാൻ, നീ ബാക്കിയാക്കി പോയ ഡയറികളിലൂടെ ഒരു തീർത്ഥയാത്ര പോകും, അപ്പോള്‍ ആ കാലം തിരികെ വരും. ഒറ്റപ്പാലത്തു നിന്ന് ആ ട്രെയിൻ പോകുമ്പോളും ഞാൻ വിശ്വസിച്ചു, എവിടെ നിന്നെങ്കിലും പെരുമഴ നിറച്ചു വെച്ച് ഒരു പോസ്റ്റുകാർഡ് വരുമെന്ന്! നീല കടുകുമണികൾ പോലുള്ള അക്ഷരങ്ങിൽ നീയെഴുതി നിറച്ച വിശേഷങ്ങൾ വായിക്കാൻഞാൻ ഇപ്പോളും കാത്തിരിക്കുന്നു. ചിലരങ്ങനെയാണ്. അകന്നു പോകുന്ന നിമിഷങ്ങളിലാണ് കൂടുതൽ അടുത്തേക്കവരെ വലിച്ചടുപ്പിക്കാൻ തോന്നുക. ഓരോ കൂടിച്ചേരലുകൾക്കുമൊപ്പം തന്നെ യാത്രാമൊഴികളും തുന്നിച്ചേർത്തു വെച്ചിട്ടുണ്ടാകും. നീ ബാക്കിയാക്കി പോയതെല്ലാം എനിക്കു വേണം, ആ രാവിലെ നീ എഴുന്നേറ്റു പോകുമ്പോൾ, എന്നത്തേയും പോലെ മടക്കി വെക്കാതെ അലക്ഷ്യമായി ഇട്ടിട്ടുപോയ ആ കമ്പിളി മുതൽ, നിൻറെ സങ്കടങ്ങളുടെ ആഴങ്ങൾ വരെ. എന്‍റെ മോഹങ്ങളെല്ലാം കടലാസ്സു തോണികളാക്കി അവയെ തുറന്നുവിട്ടാൽ, കറങ്ങിത്തിരിഞ്ഞൊടുവിൽ അവ നിന്നിൽ തന്നെയായിരിക്കും എത്തുക. ഒരിക്കലും നിന്നെ വിട്ടുകളയാൻ, നിന്‍റെയോർമ്മകളിൽ നിന്നു തിരികെ നടക്കാൻ എനിക്കു കഴിയില്ല.

നമ്മുടെ ദു:ഖങ്ങൾക്കു പേരില്ല, അനന്തതയോളംനീളുന്ന കാത്തിരിപ്പായി ദിവസങ്ങൾ നമ്മുടെ മുന്നിൽ കൊഴിഞ്ഞു വീഴുന്നുവെന്നെയുള്ളൂ. നീ പറഞ്ഞിട്ടില്ലേ പ്രണയത്തിൽ മുറിവുകളും മധുരമാണെന്ന്.

ഒരു ദൈവദൂതനെ പോലെ എന്നിലേക്കും എന്‍റെ ജീവിതത്തിലേക്കും നീ നടന്നു കയറി. നീ വന്നില്ലായിരുന്നെങ്കിൽ ഞാനൊരു മഴമേഘമായി തിരികെ ഭൂമിയിൽ പെയ്യാൻ ഊഴം കാത്തിരിക്കുന്നുണ്ടാകുമിപ്പോൾ. നീയാണ് ധൈര്യം തന്നത്, മരണമുനമ്പിൽ നിന്ന് തിരികെ നടക്കാൻ. ഞാൻ നടന്നു, വീണ്ടുമൊരുപ്രണയം ആഗ്രഹിച്ചിരുന്നില്ലയെങ്കിലും നടന്നു നടന്നൊടുവിൽ നിന്നിലേക്കുള്ള വഴിയിൽതന്നെ ഞാൻ എത്തിപ്പെട്ടു. നിറം മങ്ങി നരച്ചയെന്‍റെ ജീവനിലേക്ക് ഒരു മഴവില്ലു മുഴുവൻ നീ കോരിയൊഴിച്ചു. നീ നടന്നകലുമ്പോഴും നിന്നെ മുഴുവനായി എനിക്കറിയില്ലായിരുന്നു, പക്ഷേ, ഒരു ചില്ലുപാത്രത്തിൽ മിന്നുന്ന, മിന്നാമിനുങ്ങിനെപ്പോലെ നീ ഇപ്പോളും എന്‍റെയുള്ളിൽ കത്തിക്കൊണ്ടേയിരിക്കുന്നു.

നീയാണെന്നെ മൗനത്തിനൊപ്പം വയലിൻ സംഗീതം ചേർക്കാൻ പഠിപ്പിച്ചത്. ഇപ്പോളും ഉള്ളിൽ ഒച്ചപ്പാടു കൂടുമ്പോൾ ഞാൻ, നിന്നെപ്പറ്റിയുള്ള ഓർമ്മകളുടെ തരംഗദൈർഘ്യങ്ങളിലൂടെ ഒരു യാത്രപോകും. നീ എൻറെ ജീവിതത്തിലേക്കു കയറി വന്നതു ഒരു പഴയ നോവലിന്‍റെ കാണാതെ പോയ പേജുകൾ പോലെയാണ്, ഒരിക്കലും മറിച്ചു നോക്കിയിട്ടില്ലാത്ത പേജുകൾ. അവിടെ നിന്നായിരുന്നു എൻറെ ഉയിർത്തെഴുന്നേൽപ്പ്. നീ തന്നെയാണ് എൻറെയുള്ളിൽ എനിക്കു പോലും അറിയാതിരുന്ന ഒരു ലോകം കാട്ടിത്തന്നത്.

നീ പോയതിൽപ്പിന്നെ, ഞാൻ എന്നെത്തന്നെ ഉപേക്ഷിച്ചു, എവിടെയോ! പുതിയ ഏതോ ഒരു നഗരത്തിലേക്കാണ് ഞാനന്നുണർന്നത്. ഞാൻ തികച്ചുംഅന്യയായ, എനിക്കറിയാത്ത നഗരം. പൊടുന്നനെ ആരോ വാതിൽ കടന്നു വന്നു, പുറപ്പെടാൻ ഒരുങ്ങുക. ഇനി ഞാനാണ് നിനക്കു പകരമിവിടെ ജീവിക്കുകയെന്നവൾ പറഞ്ഞു. ആത്മാവിന്‍റെ നിറം മങ്ങിയ ഞാൻ തന്നെയായിരുന്നത്. നീയായിരുന്നു എൻറെ നിറം. അന്നു ഞാൻ ഇറങ്ങിപ്പോയി എന്നിൽ നിന്നുതന്നെ. ഇപ്പൊൾ ആ പഴയയെന്നെ ഞാൻ കാണുന്നത് ഫോട്ടോകളിൽ മാത്രമാണ്, കൂടുതലും നീയെടുത്തവ. ആ എന്നെ ഞാൻ എന്നോ പാടി മറന്ന കവിതയുടെ അവസാന വരിയായേ ഓർക്കുന്നുള്ളൂ.

വരികൾ അക്ഷരങ്ങളിലേക്കു മടങ്ങും പോലേ സമയവും മടങ്ങും. ചിലർക്കു പോയേ പറ്റു, കഥ വിട്ടു പോയേ പറ്റു. അപ്പോളും അവിടെയില്ലാത്ത ഒരാൾക്കു വേണ്ടി കാറ്റു വീശിക്കൊണ്ടേയിരിക്കും. നമ്മളെ കണ്ടെത്താൻ ശ്രമിക്കുന്ന കഴിഞ്ഞ കാലമാണത്.

കഴിഞ്ഞ കാലങ്ങളിൽ, ഞാൻ എവിടെയോ ഒളിച്ചു വെച്ച, നിനക്കു തന്നു തീർക്കാൻ കഴിയാതിരുന്ന പ്രണയം മുഴുവൻ, നിന്നിൽ അലിഞ്ഞുചേരാത്ത എൻറെ സ്വപ്ങ്ങൾ മുഴുവൻ, എൻറെ ആഗ്രഹങ്ങൾ മുഴുവൻ കൂട്ടിവെച്ചു ഞാൻ ഈ നോവൽ എഴുതി തീർക്കുന്നു.


മാർച്ചു ലക്കം ഈ-മഷിയിൽ വന്ന കഥ.

Friday, June 24, 2016 - 2 comments

പ്രണയലേഖനം

മലയാളം ബ്ലോഗേർസ് മാഗസിനായ ഈ-മഷി ഫെബ്രുവരിയിൽ നടത്തിയ പ്രണയലേഖന മൽസരത്തിൽ മൂന്നാം സ്ഥാനം കിട്ടിയ എന്റെ സ്വന്തം പ്രണയലേഖനം,  ധാ പിടിച്ചോ...


താനിപ്പോൾ കരുതുന്നുണ്ടാകും ഫേസ്ബുക്കിൻറെയും വാട്ട്സ്സാപ്പിൻറെയും കാലത്തു ആരാ ഇങ്ങനെയൊരു കത്തെഴുതാൻ നിൽക്കുകയെന്ന്. എന്തോ, എനിക്കങ്ങനെ തോന്നി. എൻറെ മനസ്സിലുള്ളത് അക്ഷരങ്ങളായി തന്നെ നിന്നിലെത്തണമെന്നു, മഷിയുടെ മണമുള്ള, ജീവനുള്ള അക്ഷരങ്ങളായി.

ഫേസ്ബുക്കിനും വാട്ട്സ്സാപ്പിനുമൊന്നും തരാൻ പറ്റാത്തയൊരു അനുഭൂതിയുണ്ട്, ഒരു കത്തു വായിക്കുമ്പോൾ മാത്രം കിട്ടുന്നത്. എൻറെ ചുറ്റും ചുരുണ്ടുകൂടി കിടക്കുന്ന കുറെ കടലാസ്സുകളുണ്ട്. എല്ലാത്തിനും ഒരേ കാര്യം തന്നെയാണ് പറയാനുണ്ടാകുക. ഇത്രയും കാലം അടുത്തുണ്ടായിട്ടും പറയാൻ കഴിയാതിരുന്ന, ലോകത്തെ ഏറ്റവും സുന്ദരമായ ആ മൂന്നു വാക്കുകൾ, ആയിരകണക്കിന് കാതങ്ങൾ അകലെയിരുന്നു ഞാനെഴുതുകയാണ്, "ഞാൻ നിന്നെ പ്രണയിക്കുന്നു".

എന്നുമുതൽക്കാണ് നിന്നിൽ എന്നെതന്നെയെനിക്കു നഷ്ട്ടപ്പെട്ടതെന്നറിയില്ല. പക്ഷെ നമുക്കിടയിലെ ഈ ദൂരമുണ്ടല്ലോ, ആ ദൂരമാണ് എനിക്കാ സത്യം മനസ്സിലാക്കിതന്നത്. രണ്ടു മഹാസമുദ്രങ്ങൾക്കുമപ്പുറം നീ ഉറങ്ങുകയാണെന്നറിയാം, ഇവിടെ ഈ ചില്ലുജാലകത്തിനപ്പുറം, തലയുയർത്തി നിൽക്കുന്ന, ന്യൂയോർക്ക്‌ നഗരം എന്നെ പഴയതുപോലെ ഭ്രമിപ്പിക്കുന്നേയില്ല. വല്ലാത്തൊരു ശൂന്യത, ഒരു ശ്വാസംമുട്ടൽ മാത്രം.

നീയില്ലാത്ത ഓഫീസ്, നിൻറെ ചിരിച്ചുകൊണ്ടുള്ള "ഗുഡ് മോർണിംഗ്" കേൾക്കാത്ത ദിവസങ്ങൾ, രണ്ടു ചിറകുകൾ കിട്ടിയിരുന്നെങ്കിലെന്നാഗ്രഹിച്ചു പോണു. എൻറെ ഇപ്പൊഴത്തെ ഏറ്റവും വലിയ ആഗ്രഹം എന്തെന്നറിയോ? ഒരു കാന്തം പോലെയെന്നെ നിന്നിലേക്ക്‌ വലിച്ചടുപ്പിച്ച, നിൻറെ കണ്ണുകളിലേക്കുനോക്കി കാലം ഓടി പോകുന്നതറിയാതെ ഇരിക്കണം.

നിനക്കറിയോ നിൻറെ കണ്ണുകളിൽ ഞാൻ കണ്ട അത്ഭുതങ്ങൾക്ക് ഒരറുതിയില്ല, ഒരു നദി കുലം കുത്തിപായുന്നതും, ഒരു മഴക്കാടുണ്ടായി വരുന്നതും, ഒരു കടലിരമ്പുന്നതും ഒക്കെ. അങ്ങനെ ആരും കാണാത്ത ഒരു ഭൂകണ്ഡം മുഴുവൻ. കാഴ്ച്ചയുടെ ഒരറ്റത്തു നീയിരിക്കുമ്പോൾ ചുറ്റും മറ്റൊന്നുമില്ല. നിൻറെ കണ്ണിറങ്ങി വന്ന മിന്നാമിന്നിക്കൂട്ടം മാത്രം. നമുക്കൊരുമിച്ചു ഭൂമിയുടെ അറ്റം വരെ യാത്ര പോകണം - കാടുകളിൽ, വൻനഗരങ്ങളിൽ, ജനപഥങ്ങളിൽ, മഞ്ഞുമൂടിയ ഗിരിനിരകളിലൊക്കെ. അന്യോന്യം പൂരിപ്പിക്കപ്പെടണം നാം.

പ്രിയപ്പെട്ടവളെ, നമുക്കു സുന്ദരമായി ജീവിച്ചു മരിക്കാം. എന്നിട്ട് മിന്നാമിന്നുങ്ങുകളായി പുനർജനിക്കാം.....

എന്ന്, നിൻറെ ... നിൻറെ മാത്രം ഞാൻ!

December 28, 2015

Monday, December 28, 2015 - 5 comments

പുന്നെല്ലിലെ കല്ലുകടി അഥവാ ഒരു കന്നിവോട്ടു (പ്ലിംഗ്) കഥ


ഈ കഥയിലെ കഥാ പാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരും ആയി വല്ല ബന്ധോം തോന്നിയാൽ വണ്ടി വിളിച്ചു വന്നു തല്ലരുത്. പ്ലീസ് ഒന്നു വിരട്ടിയാൽ മതി ഞാൻ ചിലപ്പോ നന്നയാലോ?? 


പ്രായപൂർത്തിയായിട്ടും, അതും രണ്ടു തവണ പ്രായപൂർത്തിയായിട്ടും - കല്യാണം ഒരെണ്ണം കഴിച്ചിട്ടും ഇതുവരെ വോട്ടു ചെയ്തിട്ടുണ്ടായിരുന്നില്ലവൻ - ആരാന്നോ ? വേറെ ആരാ നിതിൻ എൻറെ കൂടെ ജോലിചെയ്യണയാളാ. സ്ഥലം കൊച്ചി. ഇത്തവണയാണ് ആദ്യമായി വോട്ടു ചെയ്യാൻ പോയത്. വോട്ടെടുപ്പിനു രണ്ടു ദിവസ്സം മുന്നേ ഒരു മെയിൽ വന്നു എച്ച് ആർ വക,  "മഹത്തായ ഇന്ത്യൻ ജനാതിപത്യത്തെ ശക്തിപ്പെടുത്താൻ പോയി വോട്ടുചെയ്തുവരൂ. ലീവ് തരും". "ഞാൻ ഇഛിച്ചത്തും കമ്പനി കല്പ്പിച്ചതും ലീവ്". ഞാൻ ലീവ് എടുത്തു. എന്നിട്ട് വോട്ടു ചെയ്തോന്നു ചോദിച്ചാ, ചെയ്തു വേറെയാരൊക്കെയോ, ഞാൻ ചെയ്തില്ല. 

( കയ്യിലെ മഷി കാണിക്കാൻ എച്ച് ആറോ പ്രൊജക്റ്റ്‌ മാനേജരോ ചോദിച്ചിരുന്നേൽ, "ജാങ്കൊ ഞാൻപ്പെട്ട്". ഭാഗ്യം ചോദിച്ചില്ല. രണ്ടു പേർക്കും ഇത്തരുണത്തിൽ നന്ദി രേഖപ്പെടുത്തുന്നു. )   

അപ്പൊ നമ്മൾ പറഞ്ഞുനിർത്തിയത് - അതുതന്നെ നിതിൻ ബ്രൊയുടെ കന്നി വോട്ടു. പോകും മുന്നേ ആർക്കു വോട്ടു ചെയ്യണമെന്നു ഒരു നാല് റൌണ്ട് ആലോചിച്ചു. അവസാനറൌണ്ടിൽ തലകറങ്ങി കട്ടിലിലിരുന്നു. "അമ്മാ, ഞാൻ ആർക്കായിപ്പൊ ഓട്ടുച്ചെയ്കാ ??" - പ്രൊജകറ്റിൽ നല്ല പണി കിട്ടിയിരിക്കണകൊണ്ടു നാട്ടിൽ പകല വെളിച്ചത്തിൽ ഇറങ്ങിയിട്ട് കൊറേ കാലമായി. ആരൊക്കെ മത്സരിക്കുനുണ്ട് എന്നു പോലും "കോയി ഐഡിയ നഹി". "അതിപ്പോ..." അമ്മയൊന്നു ആലോചിച്ചു, "ങാ, ആ ലോപ്പസ് ചേട്ടൻറെ ഭാര്യ ക്ലാര ചേച്ചി മത്സരിക്കുണ്ട്.... എന്നെ ഈയിടെ കണ്ടപ്പോ പറഞ്ഞതാ മറക്കാതെ ചേച്ചിക്കുതന്നെ വോട്ടു ചെയ്യണേയെന്ന്.... ഒരെണ്ണം ചെയ്തേരെ...". "ചിന്ഹം ഏതാ??" , "ടി വി".

പരീഷക്ക് കാണാതെ പഠിക്കുന്ന പോലെ "ക്ലാര ലോപ്പസ്, ടി വി , ക്ലാര ലോപ്പസ്, ടി വി" എന്നും പറഞ്ഞു കഥാനായകൻ പോളിംഗ് ബൂത്തിൽ എത്തി. അതിനു മുൻപേ തന്നെ അവിടെ ചെല്ലുംമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കി വെച്ചിട്ടുണ്ട്. ക്യു നിന്നപ്പോ അവൻ സ്വയം പറഞ്ഞു "ഇത് കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്". പ്രീസൈഡിംഗ് ഓഫീസർ അവൻറെ ഐ ഡി കാർഡു വാങ്ങി നോക്കി - അതിലെ അവൻറെ  രൂപം അമ്മക്ക് പോലും മനസ്സിലായില്ല പിന്നല്ലേ ഇപ്പൊ കണ്ട സാറിനു - എന്തായാലും പേരു നോക്കി കയ്യിൽ മഷീം തേച്ചു പിടിപ്പിച്ചു. എന്നിട്ട് വോട്ടു ചെയ്യേണ്ട സ്ഥലം കാണിച്ചു കൊടുത്തു. "ഇതു വരെ എല്ലാം വളരെ വളരെ ശെരിയായി". 


അവടെ ചെന്നപ്പ ദാണ്ടേ ആദ്യത്തെ ട്വിസ്റ്റ്‌ ഒന്നിന് പകരം മൂന്നു  വോട്ടിംഗ് മിഷ്യൻ. ആകെ ക്ലാര ലോപ്പസ്  ടി വിന്നു മാത്രേ കാണാതെപഠിച്ചു വെച്ചിട്ടൊള്ളൂ ബാക്കി രണ്ടെണ്ണം എന്തിനാണോ എന്തോ. ആദ്യ യന്ത്രത്തിലെ രണ്ടാമത്തെ പേരു തന്നെ ക്ലാര ലോപ്പസ്  - ടി വിയാ. കൊടുത്തു ഒരു വോട്ടു. 

രണ്ടാമത്തെ യന്ത്രത്തിൽ ക്ലാര ലോപ്പസ് ടി വിയും അന്വഷിച്ച് നടന്നു, മൊത്തം കിട്ടിയില്ല ടി വി മാത്രം കിട്ടി. പേരു "പുരുഷോത്തമൻ പിള്ളൈ"  എന്നാണ്. എന്തേലും ആകട്ടെ, ടി വി ക്കു തന്നെ കുത്തി. അടുത്ത യന്ത്രം നോക്കി - ഒടുക്കത്തെ ട്വിസ്റ്റ്‌ - ജ്യോതിം വന്നില്ല തീയും വന്നില്ല - ക്ലാര ലോപ്പസുമില്ല ടി വിയുമില്ല. അടുത്തയാൾ മഷിം പുരട്ടി റെഡി ആയി നില്ക്കുന്നു. പ്രിസൈഡിങ് ഓഫിസർ കണ്ണുരുട്ടുന്നു.ചങ്ക് ബ്രൊ വിയർക്കാൻ തുടങ്ങി. വിറക്കാനും.

പിന്നെ ഒന്നും നോക്കിയില്ല, എല്ലാ ദൈവങ്ങളേം മനസ്സിൽ ധ്യാനിച്ചു.

"പിങ്കി പിങ്കി പോങ്കി, ഫാദർ ഹാഡ് എ ഡോങ്കി.....".          

October 21, 2015

Wednesday, October 21, 2015 - 6 comments

ലവ് ഇൻ ദി ടൈം ഓഫ് ലൈക്ക്സ്

പുലർച്ചെ, 
ഇന്നിന്റെ തിരക്കിലേക്കു കണ്ണു തുറക്കുന്നതിനും- 
മുൻപേ ഒരിക്കലും നടക്കാനിടയില്ലാത്തൊരു 
സ്വപ്നം കണ്ടു. 
ലൈക്കുകളുടെ കാലത്തെ പ്രണയമല്ല-
മറ്റെന്തിനെക്കാളവളെ(അവനെ) സ്നേഹിച്ച.
കാമം നിറച്ച എം എം എസ്സുകൾക്കു
പകരം സ്നേഹംമാത്രം നിറഞ്ഞവരിക-
ളെഴുതി നിറച്ച കത്തുകൾ കാത്തിരുന്ന, 
ഒരു തുംമ്പപൂവിൻറെ നൈർമല്യമുള്ള,
വിരൽതുമ്പിലൊന്നു തൊടാൻ കാത്തിരുന്നയാ 
പ്രണകാലത്തിലേക്ക് തിരികെ നടക്കുന്നയോരൊറ്റയാൾ.
അയാൾ പോയ വഴിയിൽ നിറയെപുതിയ പൂക്കൾ വിരിയുന്നു.

March 10, 2015

Tuesday, March 10, 2015 - 6 comments

മഴ തീരും മുൻപേ

ആർത്തലക്കുന്ന രാത്രി മഴയിലേക്ക്‌, തുറന്നു വെച്ച ജനലുകൾ അവൾ കൊട്ടിയടച്ചു, എന്നിട്ടവൾ ആ രണ്ടു മുറി ഫ്ലാറ്റിൽ ഒറ്റയ്ക്കിരുന്നു പെയ്തു. പുറത്തു പെയ്തൊഴിയുന്ന മഴയേക്കാളുറക്കെ. അവളെയും അവളെ പറ്റി കണ്ട സ്വപനങ്ങളേയും ഉപേക്ഷിച്ചവനിറങ്ങി പോയത് അൽപ്പംമുൻപാണ്. അവളോർത്തു, തെറ്റു തൻറെ തന്നെയാണ്, ഒരു പ്രതികാരം പോലെ അവനോട് അകലം പാലിച്ചതു താനായിരുന്നു. ഒപ്പമിരിക്കാൻ അവൻ പലവട്ടം വിളിച്ചിട്ടും, താൻ ഒറ്റക്കിരുന്നു. ഒരു നോക്ക് കൊണ്ടുപോലും കൂട്ടുകൂടിയില്ല. പക്ഷെ ഇപ്പൊൾ അവനില്ലാതെ വയ്യ.  വൈകി വന്ന തിരിച്ചറിവിന് അവൾ സ്വയം പഴിപറഞ്ഞു.

ഈ തെറ്റിന് ശിക്ഷ മരണം മാത്രമാണ്. ആ ചിന്തയുടെ ഓളങ്ങൾ മാഞ്ഞുപോകും മുന്നേ അവൾ കത്തി കൊണ്ടു ഇടതു കൈ തണ്ടയിൽ ചുവന്ന വളകളണിഞ്ഞു. കരഞ്ഞു തീർക്കാൻ സങ്കടം ഇനിയും ബാക്കിയുണ്ട് കൂട്ടിനു മഴ മാത്രം.

ഒരു പഞ്ഞി മേഘം പോലെ മരണത്തിൻറെ കടവിലേക്ക് ഒഴുകിയടുക്കവേ,കൈതണ്ടയിൽ ചോരയും കണ്ണിലെ കണ്ണീർമഴയും പെയ്തുതീരും മുന്നേ അവൻറെ വിളിയെത്തി, അവളുടെ ഫോണിൽ. "സാന്ദ്രാ, എനിക്ക് നീയില്ലാതെ വയ്യ.. please..." അവൻറെ വാക്കുകളിലും മഴയുടെയും കണ്ണീരിൻറെയും നനവു പടർന്നിരുന്നു. 

മരണത്തോളം നടന്നടുത്തിട്ടും അവൾ തിരിച്ചു നടന്നു. പ്രണയം പിൻവിളി വിളിക്കുമ്പോൾ തിരികെ വന്നല്ലേ പറ്റു, എത്ര മരണ കാതങ്ങൾക്കും അപ്പുറം നിന്നും.  

Photo courtesy : Potential Matters

January 08, 2015

Thursday, January 08, 2015 - 9 comments

കണ്‍ഫെഷൻ


"ഇപ്പൊ വരാം" എന്നുപറഞ്ഞാണ് നീ പോയത്. നീ വന്നില്ല, ഞാൻ കാത്തിരുന്നു. ദിവസങ്ങൾ മാസങ്ങളായി. മാസങ്ങൾ വർഷങ്ങളും.ഓരോ ഫോണ്‍ബെല്ലുകളും നെഞ്ചിൽ ഓരോ ഇടി മിന്നലുകൾ തീർത്തു. എത്രയോ രാത്രികളിൽ ആരോ വാതിലിൽ മുട്ടി വിളിക്കുന്നു എന്നുപറഞ്ഞു മമ്മ ഉറക്കത്തിൻറെ പാതി വഴിയിൽ ഞെട്ടി എഴുന്നെറ്റിരിക്കുന്നു. ഒടുവിൽ നിന്നെ കാണാതെ, ആ കണ്ണുകളടഞ്ഞു. "ഇച്ചായാ...." എന്നൊരു പിൻവിളി കേട്ടിട്ട് എത്രയോ തവണ ഞാൻ തിരിഞ്ഞു നോക്കിയിരിക്കുന്നു. പക്ഷെ അതെല്ലാം വെറും തോന്നലുകൾ മാത്രമായിരുന്നു. പോലീസ് , ക്രൈംബ്രാഞ്ച് , സീ ബി ഐ അങ്ങനെ പല കൈമറിഞ്ഞു, രാജ്യത്തെ തെളിയിക്കപെടാത്ത എണ്ണമില്ലാത്ത കേസുകളിൽ ഒന്നായി 192/2008 മാറി.

പക്ഷെ ഈ വാർത്ത‍ എല്ലാം മാറ്റിമറിക്കുന്നു. കൊലകയറിനു കീഴിൽ നിന്ന് അയാൾ നടത്തിയ ഈ ഏറ്റുപറച്ചിൽ, ചെറുതെങ്കിലും എരിഞ്ഞു കത്തികൊണ്ടിരുന്ന പ്രതീക്ഷയുടെ നാളം അത് തല്ലികെടുത്തി. പക്ഷെ കരയാൻ കണ്ണുനീർ ബാക്കിയില്ല മോളെ. അപ്പച്ചൻ മരിക്കുമ്പോൾ "കൊച്ചിനേം മേരിയേം നോക്കിക്കോണം കേട്ടോഡാ, സെബാനെ..." എന്നാ പറഞ്ഞത്. പക്ഷേ....

"കുപ്രസിദ്ധ, സീരിയൽ കില്ലെർ രാമൻ ശങ്കറെ തൂക്കികൊന്നു - മരണത്തിനു മുൻപ് ഇയാൾ ഇതുവരെ തെളിയാത്ത 4 കൊലപാതകങ്ങൾ കൂടി ഏറ്റുപറഞ്ഞു". ഈ വാർത്തയുടെ കറുപ്പിനും വെളുപ്പിനുമിടയിൽ നിൻറെ പേരും - സാന്ദ്ര എലിസബത്ത് കുര്യൻ.    


തൂക്കുമരത്തിനു ചുവട്ടിൽവെച്ചു ചിലരെങ്കിലും ഇങ്ങനെ അവസാന നിമിഷം ചില വെളിപെടുത്തലുകൾ നടത്തിയിട്ടുണ്ട്. "Ted Bunddy" യുടെ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നിയ "കഥ"പോലെ എന്തോ ഒന്ന്.