June 24, 2016

Friday, June 24, 2016 - 1 comment

എ ലൈഫ് ടൈം എഗോ

സമർപ്പണം:
ഒന്നും പറയാതെ തിരശീല കടന്നു പോയവന്, എൻറെ കൂട്ടുകാരന്‍ - മിഥുൻ മേരി റാഫിക്ക്.
പിന്നെ, ഒരിക്കലും തിരികെ വരാത്തയെന്‍റെ പ്രണയത്തിനും.
(പടം ഗൂഗിളിനോട് ചോദിച്ചു തന്നു- നന്ദി... ;) )

ഒരേ ഉറക്കത്തിലേക്കു ഒരാൾക്കും രണ്ടു തവണ പോകാനാവില്ലല്ലോ.
അതുകൊണ്ടു തന്നെ ഡിസംബറിലെ ആ തണുത്ത പ്രഭാതം എങ്ങനെയൊക്കെ ആകാമായിരുന്നെന്നു ഞാനീ ചിന്തിച്ചു കൂട്ടിയതൊക്കെ വെറുതെയാണെന്നെനിക്കറിയാം. ഈ കൊഴിഞ്ഞുപോയ വർഷങ്ങളിലെല്ലാം, തൻറെ കാവൽ മാലാഖയെ അറിയാത്ത അനാഥയെപ്പോലെ ഞാൻ ജീവിച്ചു. പെട്ടെന്നൊരു നാൾ സ്വന്തം ആത്മാവ് കൈയ്യൊഴിഞ്ഞിട്ടു എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷ്യയായ ഒരു കുട്ടിയെപ്പോലെ, എവിടേക്ക് പോയെന്നാർക്കുമറിയാത്തവൾ.

നമ്മളൊരിക്കലും, നീയാഗ്രഹിച്ചിരുന്നതു പോലെ മേഘമലയുടെ മുകളിൽ ട്രെക്കിങ്ങിനു പോയിട്ടില്ല, കടലുകൾ താണ്ടിയിട്ടില്ല, പരസ്പ്പരം പൂരിപ്പിക്കപ്പെട്ടിട്ടില്ല. അതിനു കാലം സമ്മതിച്ചില്ല. പക്ഷെ നീ ബാക്കിവെച്ചു പോയ കുത്തിക്കുറിക്കലുകൾ - നിന്‍റെ ഭാഷയിൽ ഉച്ചക്കിറുക്കുകൾ - രഹസ്യങ്ങളുടെയും ഓർമ്മകളുടെയും ചുടുകാടാണ്, ഇപ്പോളുമെന്‍റെ യൗവ്വനം അവിടെ തന്നെ കിടന്നു കറങ്ങുന്നുണ്ട്, എന്നെ അവിടെനിന്നു തിരികെ വിളിക്കാൻ ഞാൻ ശ്രമിച്ചിട്ടുമില്ല.

ആ എന്നെ എനിക്ക് മിസ്സ്‌ ചെയ്യാറുണ്ട്, അപ്പോഴൊക്കെ ഞാൻ, നീ ബാക്കിയാക്കി പോയ ഡയറികളിലൂടെ ഒരു തീർത്ഥയാത്ര പോകും, അപ്പോള്‍ ആ കാലം തിരികെ വരും. ഒറ്റപ്പാലത്തു നിന്ന് ആ ട്രെയിൻ പോകുമ്പോളും ഞാൻ വിശ്വസിച്ചു, എവിടെ നിന്നെങ്കിലും പെരുമഴ നിറച്ചു വെച്ച് ഒരു പോസ്റ്റുകാർഡ് വരുമെന്ന്! നീല കടുകുമണികൾ പോലുള്ള അക്ഷരങ്ങിൽ നീയെഴുതി നിറച്ച വിശേഷങ്ങൾ വായിക്കാൻഞാൻ ഇപ്പോളും കാത്തിരിക്കുന്നു. ചിലരങ്ങനെയാണ്. അകന്നു പോകുന്ന നിമിഷങ്ങളിലാണ് കൂടുതൽ അടുത്തേക്കവരെ വലിച്ചടുപ്പിക്കാൻ തോന്നുക. ഓരോ കൂടിച്ചേരലുകൾക്കുമൊപ്പം തന്നെ യാത്രാമൊഴികളും തുന്നിച്ചേർത്തു വെച്ചിട്ടുണ്ടാകും. നീ ബാക്കിയാക്കി പോയതെല്ലാം എനിക്കു വേണം, ആ രാവിലെ നീ എഴുന്നേറ്റു പോകുമ്പോൾ, എന്നത്തേയും പോലെ മടക്കി വെക്കാതെ അലക്ഷ്യമായി ഇട്ടിട്ടുപോയ ആ കമ്പിളി മുതൽ, നിൻറെ സങ്കടങ്ങളുടെ ആഴങ്ങൾ വരെ. എന്‍റെ മോഹങ്ങളെല്ലാം കടലാസ്സു തോണികളാക്കി അവയെ തുറന്നുവിട്ടാൽ, കറങ്ങിത്തിരിഞ്ഞൊടുവിൽ അവ നിന്നിൽ തന്നെയായിരിക്കും എത്തുക. ഒരിക്കലും നിന്നെ വിട്ടുകളയാൻ, നിന്‍റെയോർമ്മകളിൽ നിന്നു തിരികെ നടക്കാൻ എനിക്കു കഴിയില്ല.

നമ്മുടെ ദു:ഖങ്ങൾക്കു പേരില്ല, അനന്തതയോളംനീളുന്ന കാത്തിരിപ്പായി ദിവസങ്ങൾ നമ്മുടെ മുന്നിൽ കൊഴിഞ്ഞു വീഴുന്നുവെന്നെയുള്ളൂ. നീ പറഞ്ഞിട്ടില്ലേ പ്രണയത്തിൽ മുറിവുകളും മധുരമാണെന്ന്.

ഒരു ദൈവദൂതനെ പോലെ എന്നിലേക്കും എന്‍റെ ജീവിതത്തിലേക്കും നീ നടന്നു കയറി. നീ വന്നില്ലായിരുന്നെങ്കിൽ ഞാനൊരു മഴമേഘമായി തിരികെ ഭൂമിയിൽ പെയ്യാൻ ഊഴം കാത്തിരിക്കുന്നുണ്ടാകുമിപ്പോൾ. നീയാണ് ധൈര്യം തന്നത്, മരണമുനമ്പിൽ നിന്ന് തിരികെ നടക്കാൻ. ഞാൻ നടന്നു, വീണ്ടുമൊരുപ്രണയം ആഗ്രഹിച്ചിരുന്നില്ലയെങ്കിലും നടന്നു നടന്നൊടുവിൽ നിന്നിലേക്കുള്ള വഴിയിൽതന്നെ ഞാൻ എത്തിപ്പെട്ടു. നിറം മങ്ങി നരച്ചയെന്‍റെ ജീവനിലേക്ക് ഒരു മഴവില്ലു മുഴുവൻ നീ കോരിയൊഴിച്ചു. നീ നടന്നകലുമ്പോഴും നിന്നെ മുഴുവനായി എനിക്കറിയില്ലായിരുന്നു, പക്ഷേ, ഒരു ചില്ലുപാത്രത്തിൽ മിന്നുന്ന, മിന്നാമിനുങ്ങിനെപ്പോലെ നീ ഇപ്പോളും എന്‍റെയുള്ളിൽ കത്തിക്കൊണ്ടേയിരിക്കുന്നു.

നീയാണെന്നെ മൗനത്തിനൊപ്പം വയലിൻ സംഗീതം ചേർക്കാൻ പഠിപ്പിച്ചത്. ഇപ്പോളും ഉള്ളിൽ ഒച്ചപ്പാടു കൂടുമ്പോൾ ഞാൻ, നിന്നെപ്പറ്റിയുള്ള ഓർമ്മകളുടെ തരംഗദൈർഘ്യങ്ങളിലൂടെ ഒരു യാത്രപോകും. നീ എൻറെ ജീവിതത്തിലേക്കു കയറി വന്നതു ഒരു പഴയ നോവലിന്‍റെ കാണാതെ പോയ പേജുകൾ പോലെയാണ്, ഒരിക്കലും മറിച്ചു നോക്കിയിട്ടില്ലാത്ത പേജുകൾ. അവിടെ നിന്നായിരുന്നു എൻറെ ഉയിർത്തെഴുന്നേൽപ്പ്. നീ തന്നെയാണ് എൻറെയുള്ളിൽ എനിക്കു പോലും അറിയാതിരുന്ന ഒരു ലോകം കാട്ടിത്തന്നത്.

നീ പോയതിൽപ്പിന്നെ, ഞാൻ എന്നെത്തന്നെ ഉപേക്ഷിച്ചു, എവിടെയോ! പുതിയ ഏതോ ഒരു നഗരത്തിലേക്കാണ് ഞാനന്നുണർന്നത്. ഞാൻ തികച്ചുംഅന്യയായ, എനിക്കറിയാത്ത നഗരം. പൊടുന്നനെ ആരോ വാതിൽ കടന്നു വന്നു, പുറപ്പെടാൻ ഒരുങ്ങുക. ഇനി ഞാനാണ് നിനക്കു പകരമിവിടെ ജീവിക്കുകയെന്നവൾ പറഞ്ഞു. ആത്മാവിന്‍റെ നിറം മങ്ങിയ ഞാൻ തന്നെയായിരുന്നത്. നീയായിരുന്നു എൻറെ നിറം. അന്നു ഞാൻ ഇറങ്ങിപ്പോയി എന്നിൽ നിന്നുതന്നെ. ഇപ്പൊൾ ആ പഴയയെന്നെ ഞാൻ കാണുന്നത് ഫോട്ടോകളിൽ മാത്രമാണ്, കൂടുതലും നീയെടുത്തവ. ആ എന്നെ ഞാൻ എന്നോ പാടി മറന്ന കവിതയുടെ അവസാന വരിയായേ ഓർക്കുന്നുള്ളൂ.

വരികൾ അക്ഷരങ്ങളിലേക്കു മടങ്ങും പോലേ സമയവും മടങ്ങും. ചിലർക്കു പോയേ പറ്റു, കഥ വിട്ടു പോയേ പറ്റു. അപ്പോളും അവിടെയില്ലാത്ത ഒരാൾക്കു വേണ്ടി കാറ്റു വീശിക്കൊണ്ടേയിരിക്കും. നമ്മളെ കണ്ടെത്താൻ ശ്രമിക്കുന്ന കഴിഞ്ഞ കാലമാണത്.

കഴിഞ്ഞ കാലങ്ങളിൽ, ഞാൻ എവിടെയോ ഒളിച്ചു വെച്ച, നിനക്കു തന്നു തീർക്കാൻ കഴിയാതിരുന്ന പ്രണയം മുഴുവൻ, നിന്നിൽ അലിഞ്ഞുചേരാത്ത എൻറെ സ്വപ്ങ്ങൾ മുഴുവൻ, എൻറെ ആഗ്രഹങ്ങൾ മുഴുവൻ കൂട്ടിവെച്ചു ഞാൻ ഈ നോവൽ എഴുതി തീർക്കുന്നു.


മാർച്ചു ലക്കം ഈ-മഷിയിൽ വന്ന കഥ.

1 comments:

നന്നായി കഥ
ആശംസകള്‍

Post a Comment