December 28, 2015

Monday, December 28, 2015 - 6 comments

പുന്നെല്ലിലെ കല്ലുകടി അഥവാ ഒരു കന്നിവോട്ടു (പ്ലിംഗ്) കഥ


ഈ കഥയിലെ കഥാ പാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരും ആയി വല്ല ബന്ധോം തോന്നിയാൽ വണ്ടി വിളിച്ചു വന്നു തല്ലരുത്. പ്ലീസ് ഒന്നു വിരട്ടിയാൽ മതി ഞാൻ ചിലപ്പോ നന്നയാലോ?? 


പ്രായപൂർത്തിയായിട്ടും, അതും രണ്ടു തവണ പ്രായപൂർത്തിയായിട്ടും - കല്യാണം ഒരെണ്ണം കഴിച്ചിട്ടും ഇതുവരെ വോട്ടു ചെയ്തിട്ടുണ്ടായിരുന്നില്ലവൻ - ആരാന്നോ ? വേറെ ആരാ നിതിൻ എൻറെ കൂടെ ജോലിചെയ്യണയാളാ. സ്ഥലം കൊച്ചി. ഇത്തവണയാണ് ആദ്യമായി വോട്ടു ചെയ്യാൻ പോയത്. വോട്ടെടുപ്പിനു രണ്ടു ദിവസ്സം മുന്നേ ഒരു മെയിൽ വന്നു എച്ച് ആർ വക,  "മഹത്തായ ഇന്ത്യൻ ജനാതിപത്യത്തെ ശക്തിപ്പെടുത്താൻ പോയി വോട്ടുചെയ്തുവരൂ. ലീവ് തരും". "ഞാൻ ഇഛിച്ചത്തും കമ്പനി കല്പ്പിച്ചതും ലീവ്". ഞാൻ ലീവ് എടുത്തു. എന്നിട്ട് വോട്ടു ചെയ്തോന്നു ചോദിച്ചാ, ചെയ്തു വേറെയാരൊക്കെയോ, ഞാൻ ചെയ്തില്ല. 

( കയ്യിലെ മഷി കാണിക്കാൻ എച്ച് ആറോ പ്രൊജക്റ്റ്‌ മാനേജരോ ചോദിച്ചിരുന്നേൽ, "ജാങ്കൊ ഞാൻപ്പെട്ട്". ഭാഗ്യം ചോദിച്ചില്ല. രണ്ടു പേർക്കും ഇത്തരുണത്തിൽ നന്ദി രേഖപ്പെടുത്തുന്നു. )   

അപ്പൊ നമ്മൾ പറഞ്ഞുനിർത്തിയത് - അതുതന്നെ നിതിൻ ബ്രൊയുടെ കന്നി വോട്ടു. പോകും മുന്നേ ആർക്കു വോട്ടു ചെയ്യണമെന്നു ഒരു നാല് റൌണ്ട് ആലോചിച്ചു. അവസാനറൌണ്ടിൽ തലകറങ്ങി കട്ടിലിലിരുന്നു. "അമ്മാ, ഞാൻ ആർക്കായിപ്പൊ ഓട്ടുച്ചെയ്കാ ??" - പ്രൊജകറ്റിൽ നല്ല പണി കിട്ടിയിരിക്കണകൊണ്ടു നാട്ടിൽ പകല വെളിച്ചത്തിൽ ഇറങ്ങിയിട്ട് കൊറേ കാലമായി. ആരൊക്കെ മത്സരിക്കുനുണ്ട് എന്നു പോലും "കോയി ഐഡിയ നഹി". "അതിപ്പോ..." അമ്മയൊന്നു ആലോചിച്ചു, "ങാ, ആ ലോപ്പസ് ചേട്ടൻറെ ഭാര്യ ക്ലാര ചേച്ചി മത്സരിക്കുണ്ട്.... എന്നെ ഈയിടെ കണ്ടപ്പോ പറഞ്ഞതാ മറക്കാതെ ചേച്ചിക്കുതന്നെ വോട്ടു ചെയ്യണേയെന്ന്.... ഒരെണ്ണം ചെയ്തേരെ...". "ചിന്ഹം ഏതാ??" , "ടി വി".

പരീഷക്ക് കാണാതെ പഠിക്കുന്ന പോലെ "ക്ലാര ലോപ്പസ്, ടി വി , ക്ലാര ലോപ്പസ്, ടി വി" എന്നും പറഞ്ഞു കഥാനായകൻ പോളിംഗ് ബൂത്തിൽ എത്തി. അതിനു മുൻപേ തന്നെ അവിടെ ചെല്ലുംമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കി വെച്ചിട്ടുണ്ട്. ക്യു നിന്നപ്പോ അവൻ സ്വയം പറഞ്ഞു "ഇത് കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്". പ്രീസൈഡിംഗ് ഓഫീസർ അവൻറെ ഐ ഡി കാർഡു വാങ്ങി നോക്കി - അതിലെ അവൻറെ  രൂപം അമ്മക്ക് പോലും മനസ്സിലായില്ല പിന്നല്ലേ ഇപ്പൊ കണ്ട സാറിനു - എന്തായാലും പേരു നോക്കി കയ്യിൽ മഷീം തേച്ചു പിടിപ്പിച്ചു. എന്നിട്ട് വോട്ടു ചെയ്യേണ്ട സ്ഥലം കാണിച്ചു കൊടുത്തു. "ഇതു വരെ എല്ലാം വളരെ വളരെ ശെരിയായി". 


അവടെ ചെന്നപ്പ ദാണ്ടേ ആദ്യത്തെ ട്വിസ്റ്റ്‌ ഒന്നിന് പകരം മൂന്നു  വോട്ടിംഗ് മിഷ്യൻ. ആകെ ക്ലാര ലോപ്പസ്  ടി വിന്നു മാത്രേ കാണാതെപഠിച്ചു വെച്ചിട്ടൊള്ളൂ ബാക്കി രണ്ടെണ്ണം എന്തിനാണോ എന്തോ. ആദ്യ യന്ത്രത്തിലെ രണ്ടാമത്തെ പേരു തന്നെ ക്ലാര ലോപ്പസ്  - ടി വിയാ. കൊടുത്തു ഒരു വോട്ടു. 

രണ്ടാമത്തെ യന്ത്രത്തിൽ ക്ലാര ലോപ്പസ് ടി വിയും അന്വഷിച്ച് നടന്നു, മൊത്തം കിട്ടിയില്ല ടി വി മാത്രം കിട്ടി. പേരു "പുരുഷോത്തമൻ പിള്ളൈ"  എന്നാണ്. എന്തേലും ആകട്ടെ, ടി വി ക്കു തന്നെ കുത്തി. അടുത്ത യന്ത്രം നോക്കി - ഒടുക്കത്തെ ട്വിസ്റ്റ്‌ - ജ്യോതിം വന്നില്ല തീയും വന്നില്ല - ക്ലാര ലോപ്പസുമില്ല ടി വിയുമില്ല. അടുത്തയാൾ മഷിം പുരട്ടി റെഡി ആയി നില്ക്കുന്നു. പ്രിസൈഡിങ് ഓഫിസർ കണ്ണുരുട്ടുന്നു.ചങ്ക് ബ്രൊ വിയർക്കാൻ തുടങ്ങി. വിറക്കാനും.

പിന്നെ ഒന്നും നോക്കിയില്ല, എല്ലാ ദൈവങ്ങളേം മനസ്സിൽ ധ്യാനിച്ചു.

"പിങ്കി പിങ്കി പോങ്കി, ഫാദർ ഹാഡ് എ ഡോങ്കി.....".          

6 comments:

Post a Comment